ഇരുപത്തിനാലാം വയസ്സിൽ പഞ്ചായത്തു പ്രസിഡന്റ്. ഇഎംഎസ്സിന്റെ ജന്മനാട്ടിൽ തികഞ്ഞ രാഷ്ട്രീയ പോരിന് സിപിഎം. ഇടതു സ്ഥാനാർത്ഥിയായി മുൻ പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഹനീഫ. പെരിന്തൽമണ്ണ മണ്ഡലം ഇടതുപക്ഷത്തിന് വീണ്ടും തുറക്കുന്ന വാതിലോ?


കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ 38 വോട്ടിനു പരാജയപ്പെട്ട പെരിന്തൽമണ്ണയിൽ ശക്തമായ ഒരു രാഷ്ട്രീയ പോരാട്ടത്തിന് സിപിഎം. പുലാമന്തോൾ മുൻ പഞ്ചായത്ത് പ്രസിഡന്റും പാർട്ടി ഏരിയ കമ്മിറ്റി  കമ്മിറ്റി അംഗവുമായ മുഹമ്മദ് ഹനീഫ ഇടത് പക്ഷ സ്ഥാനാർത്ഥിയായി ജനവിധി തേടും. പേയ്മെന്റ് സീറ്റ് ആയേക്കുമോ അതോ മുകളിൽ നിന്നാരെങ്കിലും ഇറക്കി വിടുമോ എന്നെല്ലാമുള്ള ആകാംക്ഷകൾക്കൊടുവിൽ ഹനീഫയെ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

വെറും ഇരുപത്തിനാലാം വയസ്സിൽ പഞ്ചായത്തു പ്രസിഡന്റായി പ്രവർത്തനം തുടങ്ങിയതാണ് മുഹമ്മദ് ഹനീഫ. പിന്നെ ഒന്നര ദശാബ്ദം പ്രസിഡന്റായി പ്രവർത്തിച്ച ശേഷമാണ് അർബൻ ബാങ്കിന്റെ ചെയർമാനായി പാർട്ടിയുടെ വലിയ റോളുകളിലേക്കു അദ്ദേഹം മാറുന്നത്. അതോടൊപ്പം തന്നെ പഞ്ചായത് ഇടതു മുന്നണിയുടെ ശക്തമായ അടിത്തറയിലുള്ള പ്രദേശമായി മാറുകയും ചെയ്തു.
പഞ്ചായത്തുതലത്തിൽ പ്രവർത്തിച്ച ഒരു നേതാവായതിനാൽ ഹനീഫയ്ക്ക് പ്രാദേശിക തലത്തിൽ ശക്തമായ ബന്ധങ്ങൾ ഉണ്ടെന്ന വിലയിരുത്തലും രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നു.

പെരിന്തൽമണ്ണ പോലുള്ള മണ്ഡലങ്ങളിൽ ഗ്രാസ്‌റൂട്ട് ബന്ധം വളരെ നിർണായകമാണ്. വൻ പൊതുപ്രചാരണങ്ങളേക്കാൾ ഗ്രാമങ്ങളിലും വാർഡുകളിലുമുള്ള വ്യക്തിപരമായ ബന്ധങ്ങൾ പലപ്പോഴും ഫലത്തെ സ്വാധീനിക്കാറുണ്ട്. അതിനാൽ പ്രാദേശിക രാഷ്ട്രീയത്തിൽ പ്രവർത്തിച്ച ഒരു നേതാവിനെ മുന്നോട്ട് വെക്കുന്നത് ഇടതുപക്ഷത്തിന് തന്ത്രപരമായ നേട്ടമായി മാറാം.

പൊതുവിൽ ലീഗിന് അപ്രമാദിത്വമുള്ള മലപ്പുറം ജില്ലയുടെ പൊതു സ്വഭാവത്തിൽ നിന്നും വളരെ വ്യത്യസ്തമാണ് പെരിന്തൽമണ്ണ മണ്ഡലം.  പെരിന്തൽമണ്ണ മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയല്ല മറിച്ച് ഒരു  സ്വിംഗ് മണ്ഡലം ആണ്. ഇ എം എസ്സിന്റെ ജന്മനാട് ഏലംകുളം ഉൾപ്പെട്ട പ്രദേശം. സിപിമ്മിന്റെ പാർട്ടി സംഘടനാ സംവിധാനത്തിന് ആഴത്തിൽ വേരുകളുള്ള മണ്ഡലമാണ്. പക്ഷെ, മഞ്ഞളാംകുഴി അലി പാർട്ടിയുമായി പിരിഞ്ഞതിന് ശേഷം മണ്ഡലം ഇടതുപക്ഷത്തിന് കിട്ടാക്കനി ആയിരുന്നു.  
കഴിഞ്ഞ തവണ 38 വോട്ടിനാണ് ഇടത് മുന്നണി പരാജയപ്പെട്ടത്. വ്യവസായിയും മുൻ ലീഗ് നേതാവുമായ കെ പി പി മുസ്തഫയായിരുന്നു ഇടത്‌ സ്ഥാനാർഥി. 

മുസ്ലിം ലീഗിന്റെ യുവ നേതാവാണ് നജീബ് കാന്തപുരം. എന്നാൽ ഇപ്പോൾ മണ്ഡലത്തിലെ രാഷ്ട്രീയ ചർച്ചകളിൽ കൂടുതൽ ശ്രദ്ധ നേടുന്നത് ലീഗിനുള്ളിലെ ചില അസംപ്‌തൃപ്തികളാണ്. പാർട്ടിയുടെ ഒരു വിഭാഗം നജീബ് കാന്തപുരത്തിന്റെ ശൈലിയെയും നേതൃത്വത്തെയും കുറിച്ച് തുറന്ന അസന്തോഷം പ്രകടിപ്പിക്കുന്നതായി പ്രാദേശിക രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് കേൾക്കപ്പെടുന്നു.

ലീഗിന്റെ അകത്തളത്തിൽ നിലനിൽക്കുന്ന ഈ വിഭാഗീയത തെരഞ്ഞെടുപ്പ് സമയത്ത് സംഘടനാ യന്ത്രത്തെ തന്നെ ബാധിക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. മലപ്പുറം പോലുള്ള ജില്ലകളിൽ മുസ്ലിം ലീഗിന്റെ ശക്തി പ്രധാനമായും കൃത്യമായി പ്രവർത്തിക്കുന്ന ബൂത്ത് തല സംഘടന ആണ്. ഒരു പക്ഷെ യുഡിഎഫിലെ ഏറ്റവും ശക്തമായ സംഘടനാ സംവിധാനമുള്ളത്‌ ലീഗിനാണ്.  ആ യന്ത്രത്തിൽ ചെറിയ പൊളിവ് പോലും ഉണ്ടെങ്കിൽ അതിന്റെ രാഷ്ട്രീയ പ്രതിഫലം വലിയതാകാം - പ്രത്യേകിച്ച് പെരിന്തൽമണ്ണയിൽ.

Share this news

           

RELATED NEWS

perinthalmanna cpm candidate